2009, ജൂൺ 1, തിങ്കളാഴ്‌ച

ഒരു നിശാശലഭത്തിന്റെ വേദന

ആശക്ക്‌ ഇപ്പുറമാണു ഞാൻ...............
നമ്മൾ മോഹങ്ങൾക്ക്‌ ഒരു ചില്ലുമറ തീർത്തിട്ടുണ്ടല്ലോ?
ആ മറക്കിപ്പുറം നിന്നുകൊണ്ട്‌ എനിക്ക്‌ ഈ ലോകം മുഴുവൻ കാണാം.....
പിന്നെ, നീ ചിന്തിക്കുന്നതും നിന്റെ ചിരിയും, മുറ്റത്ത്‌ നീ തീർത്ത വയലറ്റ്‌ പൂക്കളുള്ള പൂക്കളവും!

നിഴൽ വീഴ്ത്തുന്ന സന്ധ്യയിൽ സൂര്യകിരണങ്ങൾ പോലെ നിന്റെ ചിരിയുതിരുമ്പോൾ എനിക്ക്‌ എന്തോ എവിടെയോ ഒരു അനുഭൂതി പൂക്കുന്നു. നിന്നെ കാണുമ്പോൾ മാത്രം ജീവിച്ചിരിക്കേണ്ടതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നു.

ഒരുപക്ഷെ നിന്നെ കാണാതിരുന്നാൽ, ഒരുവേള എന്റെ സ്വപ്നത്തിൽ നിന്റെ നിലാവിന്റെ നിറമുള്ള പൂർണ്ണശരീരം ഞാൻ ദർശിച്ചില്ലായിരുന്നെങ്കിൽ, ചക്രവാളം വേഗം ഇരുട്ടു വ്യാപിക്കും. ഈ പാടുന്ന കുയിൽപോലും മരച്ചില്ലവിട്ടു പറന്നുപോകും. ചില്ലയിൽ പൂത്ത പൂവിനും പിന്നെ ഫലത്തിനും ഞാൻ അവകാശിയായില്ലെന്ന് വന്നേക്കാം. ഇനി നീ നിന്റെ സ്നേഹം പലർക്കും പകർന്ന് നൽകിയേക്കാം. എനിക്ക്‌ ലോകം മുള്ളുകളാൽ തീർത്ത ചിത്തഭ്രമത്തിന്റെ തടവറ തന്നേക്കാം.

എങ്കിലും മോഹിച്ചു തീർക്കാൻ ഞാൻ എന്റെ ഈ ജന്മം നിനക്കു വേണ്ടി കരുതിവെക്കും. വെറുതെയെന്നറിഞ്ഞുകൊണ്ടുതന്നെ....!!!!