2010, മേയ് 18, ചൊവ്വാഴ്ച

മഴയും പ്രണയവും

ശമിക്കാ‍ത്ത മഴയിലേക്ക് ഞാന്‍ തള്ളപ്പെടുന്നുവോ..
മഴശരങ്ങളുടെ കൂര്‍ത്ത മുനകള്‍ എന്റെശരീരത്തിലേക്കു വജ്രസൂചികള്‍ പോലെ തുളഞ്ഞു കയറുന്നു.
തണുപ്പ് കരളിനെ കുത്തി വലിക്കുന്നു.
നീ ഒരിക്കല്‍ എന്റെ വ്യഥിത ജീവിതത്തിന്റെ ചൂടും ചൂരുമായിരുന്നു.
വിലക്കപ്പെട്ട കനിയാണോ സ്നേഹം?

ഒരു കരളിനെ എന്റെ സ്വന്തമെന്നു പറയാന്‍
ഒരു ജീവിത താളത്തിനെ എന്റെ ജീവനെന്നു പറയാന്‍
എനിക്കെന്നു കഴിയും?

ഇല പൊഴിയും കാലം കഴിഞ്ഞുവോ..
നീയിനി നിറയെ പൂ ചൂടി നില്‍ക്കുന്നതു കാണാന്‍
ഈ ജീവന്റെ മൃദുസ്പന്ദനം
നിലയ്ക്കാറാ‍വുമ്പോഴേക്കെങ്കിലും കഴിയുമോ?

നീ തളിര്‍ക്കുക..
മൊട്ടിട്ട് നിറയെ പൂത്തു നില്‍ക്കുക.
നിന്റെ വ്രണിത ഹൃദയ താളവും
നിന്റെ ചടുല നയന താളവും
എനിക്ക് അന്യമല്ലല്ലോ.

ഈ കുളിര്‍ നിറയുന്ന മഴയെ
ഞാന്‍ എന്റെ ഏകാന്ത രാത്രികളിലേക്ക്
ക്ഷണിക്കുന്നു.

ചിറവരമ്പിലൂടെ
വയല്‍ചുള്ളിമുള്ളുടക്കിയ
നഗ്ന പാദങ്ങളിലൂടെ,
കുളിരുള്ള, ചൂടുള്ള എത്രയോ
പ്രണയഗാനങ്ങള്‍ പാടി........
മഴയുടെ കുളിരില്‍
നീ എന്റെ ഹൃദയത്തിലേയ്ക്കെറിഞ്ഞ
ഇളം വയലറ്റ് നിറമുള്ള ഈ പൂ
എന്റെ പ്രാണനോടടുക്കി,
കാതങ്ങളോളം,പാദമിടറാതെ
എത്തുന്നതെവിടെയൊ അവിടെ വരേയ്ക്കും........

മഴ...
ക്രോധത്താല്‍ വെന്ത മണ്ണിന്റെ
മനസ്സിലേക്കിറ്റു വീഴുന്ന
പ്രകൃതിയുടെ മുലപ്പാലാണ്.

മഴ സ്നേഹമാണ്.
മഴ, മധുരസ്വപ്നങ്ങളുള്ള
കാത്തിരിപ്പിന്റെ അടയാളമാണ്.
മഴ, നിന്നിലേയ്ക്കെന്നെ വലിച്ചടുപ്പിക്കുന്ന
അദൃശ്യ വികാരമാണ്.

ഇനിയെന്‍ മഹാനിദ്രയില്‍
മയിലായ് നീ പീലി
വിടര്‍ത്തിയാടുന്നതും,
കുയിലായ് കൂകുന്നതും,
ശലഭമായ് മധു നുകരുന്നതും,
ഹിമകണമേറ്റൊരു
വെണ്ണക്കല്‍ പ്രതിമപോല്‍
നിലാവില്‍ നില്‍പ്പതും ,
കാണുമോ ഞാന്‍....

പ്രണയിക്കട്ടെ ഞാന്‍
വയലറ്റുനിറമുള്ള പൂവിനെ...?

1 അഭിപ്രായം:

  1. മഴനൂല്‍ക്കനവുകളില്‍ ഊയലാടും പ്രണയത്തിന്റെ പാട്ടുകാരാ..
    നിന്റെ വയലറ്റ് സ്വപ്നങ്ങള്‍ക്കാശംസകള്‍....

    മറുപടിഇല്ലാതാക്കൂ